അക്ര: യുനെസ്കോ രൂപം നൽകിയ എൽജിബിറ്റി അനുകൂല ലൈംഗീക പാഠ്യപദ്ധതിക്കെതിരെ ( കോംബ്രിഹെൻസീവ് സെക്ഷ്വാലിറ്റി എഡ്യൂക്കേഷൻ) ഘാനയിലെ കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തി. സ്വവർഗ്ഗലൈംഗികത, ട്രാൻസ്ജെൻഡർ ചിന്താഗതി തുടങ്ങിയവ വിദ്യാർത്ഥികളുടെയിടയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ പാഠ്യ പദ്ധതി ഘാനയിലെ വിദ്യാലയങ്ങളിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നതെന്ന് മെത്രാൻ സമിതിയുടെ അധ്യക്ഷൻ ബിഷപ്പ് ഫിലിപ്പ് നാമേ ആരോപിച്ചു.
2019 സെപ്റ്റംബർ മാസം വിവിധ മത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന മാത്യു ഒപുക്കോ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ബിഷപ്പ് ഫിലിപ്പ് കൂട്ടിച്ചേർത്തു. പുതിയ പാഠ്യപദ്ധതിയിലെ ഉള്ളടക്കം വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ പാശ്ചാത്യ സർക്കാർ ഇതര പ്രസ്ഥാനങ്ങൾ കാണിക്കുന്ന താല്പര്യം കൂടിക്കാഴ്ചയിൽ ഒപുക്കോ വിശദീകരിച്ചിരുന്നു. കൂടാതെ താനും, സർക്കാരും യുനെസ്കോയുടെ പാഠ്യപദ്ധതി നടപ്പിലാക്കാൻ ഒരുങ്ങിയിട്ടില്ലെന്നും മാത്യു ഒപുക്കോ വ്യക്തമാക്കിയിരുന്നതാണ്. അഞ്ചു വയസ്സ് പ്രായമുള്ളവർക്ക് പോലും ലൈംഗികവിദ്യാഭ്യാസം നൽകാൻ നടത്തുന്ന ശ്രമം അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ബിഷപ്പ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ശ്രമത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് രാഷ്ട്രീയക്കാരോടും, മാതാപിതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. "കുട്ടികളെ മൂല്യം പഠിപ്പിക്കാൻ ഇപ്പോൾ തന്നെ കുറെ കഷ്ടപ്പെടുന്നുണ്ട്. അതിനിടയിലാണ് ഇങ്ങനെ ഒരു പാഠ്യപദ്ധതി നടപ്പിൽ വരുത്താൻ ശ്രമം നടക്കുന്നത്. ഇത് ഒട്ടും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല". ബിഷപ്പ് പറഞ്ഞു. രാജ്യത്തെ മുസ്‌ലിം നേതാക്കളും പാഠ്യപദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഉയർന്നു വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ഘാനയിലെ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കോംബ്രിഹെൻസീവ് സെക്ഷ്വാലിറ്റി എഡ്യുക്കേഷനെ കുട്ടികൾക്കെതിരെ നടക്കുന്ന യുദ്ധമായാണ് അന്താരാഷ്ട്ര സംഘടനയായ സ്റ്റോപ്പ്സിഎസ്ഇ.ഓർഗ് വിശേഷിപ്പിക്കുന്നത്. എൽജിബിടി ചിന്താഗതി, ഭ്രൂണഹത്യ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ് പാഠ്യപദ്ധതിക്ക് പിന്നിലുള്ളതെന്ന് സംഘടന ആരോപണം ഉയർത്തുന്നു.
Comments